നിയമലംഘനം: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16300 പേർ
പിടിയിലായവരിൽ 9500 ലധികം പേർ താമസ നിയമലംഘകരാണ്
സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനാറായിരത്തിലധികം നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രെയും പേർ പിടിയിലായത്.
പതിനായിരത്തോളം പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിവിധ വകുപ്പുകൾ നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് നിയമ ലംഘകരായ പതിനാറായിരത്തി മൂന്നൂറ് പേർ പിടിയിലായത്. പിടിയിലായവരിൽ 9500 ലധികം പേർ താമസ നിയമലംഘകരാണ്. കൂടാതെ നാലായിരത്തിലധികം പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും, 2479 പേർ തൊഴിൽ നിയമലംഘനത്തിനുമാണ് പിടിയിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിന് 520 പേർ കഴിഞ്ഞ ആഴ്ച അറസ്റ്റിലായി. ഇതിൽ 36% പേർ യെമൻ പൗരന്മാരും 62% എത്യോപ്യക്കാരും 2% മറ്റ് രാജ്യക്കാരുമാണ്.
നിയമ വിരുദ്ധമായി അതിർത്തി വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച കുറ്റത്തിന് 24 പേരെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കൂടാതെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് താമസ, യാത്ര സഹായം ചെയ്ത് കൊടുത്തതിന് 15 പേരും പിടിയിലായി. നേരത്തെ പിടിയിലായ അര ലക്ഷത്തിൽപരം നിയമലംഘകരുടെ തുടർ നടപടികൾ നടന്ന് വരികയാണ്. ശിക്ഷാ നടപടികൾ പൂർത്തിയാക്കി പതിനായിരത്തോളം പേരെ കഴിഞ്ഞ ആഴ്ച നാട് കടത്തിയതായും അധികൃതർ വിശദീകരിച്ചു.