ഹജ്ജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നാനൂറിലേറെ ഏജന്റുമാർ ഈജിപ്തിൽ അറസ്റ്റിൽ

ഏജന്റുമാരുടെ തട്ടിപ്പിനിരയായ നിരവധി പേർ മക്കയിലെ കൊടുംചൂടിൽ മരണപ്പെട്ടിരുന്നു.

Update: 2024-06-24 18:04 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: ഹജ്ജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നാനൂറിലേറെ ഏജന്റുമാർ ഈജിപ്തിൽ അറസ്റ്റിൽ. ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ സൗകര്യങ്ങളൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കൂട്ടത്തോടെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച് കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഏജന്റുമാരുടെ തട്ടിപ്പിനിരയായ നിരവധി പേർ മക്കയിലെ കൊടുംചൂടിൽ മരണപ്പെട്ടിരുന്നു.

ഈജിപ്തിൽ നിന്നുള്ള 450 ഏജന്റുമാരെ ഇതിനകം അറസ്റ്റ് ചെയ്തതായി ഈജിപ്ത് സുരക്ഷാ വിഭാഗമാണ് വെളിപ്പെടുത്തിയത്. 16 ടൂറിസം കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കുവാനും ഈജിപ്ത് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സന്ദർശക വിസയിൽ സൗദിയിലെത്തിച്ച ഈജിപ്ഷ്യൻ പൗരൻമാരെ ഏജൻസികൾ പിന്നീട് കയ്യൊഴിഞ്ഞു. തീർഥാടകരെ കബളിപ്പിച്ച കേസിൽ വിദേശത്ത് കഴിയുന്ന ഏജൻസി അതികൃതർ ഈജിപ്തിൽ തിരിച്ചെത്തുന്ന മുറക്ക് അറസ്റ്റ് ചെയ്യുമെന്നും ഈജിപ്ത് അതികൃതർ വ്യക്തമാക്കി. തട്ടിപ്പിന് നേതൃത്വം നൽകിയ മുഴവൻ ഏജൻസികളുടെയും സമ്പൂർണ്ണ പട്ടിക തയ്യാറാക്കി സൗദി ഈജിപ്തിന് കൈമാറിയിരുന്നു.

മക്കയിലെ അതികഠിനമായ ചൂടിൽ മതിയായ താമസ സൗകര്യങ്ങൾ ലഭിക്കാതെ അനധികൃതമായെത്തിയ ആയിരത്തിലേറെ പേർ മരിച്ചിരുന്നു. ഇവരുടെ കൈകളിൽ അണിഞ്ഞിരുന്ന ബാർകോഡുകൾ വഴിയാണ് തട്ടിപ്പ് നടത്തിയ ഏജൻസികളെ തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരിൽ 83 ശതമാനവും ഹജ്ജ് പെർമിറ്റ് ഇല്ലാത്ത നിയമലംഘകരാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News