സൗദി ജയിലിൽ കഴിയുന്ന റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല

നിയമസഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു

Update: 2024-11-07 15:41 GMT
Advertising

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു. നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News