മുസ്‌ലിം ലീഗ് 75ാം വാർഷികം; കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആഘോഷം സംഘടിപ്പിക്കുന്നു

Update: 2023-03-05 17:35 GMT
Advertising

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളാണ് പദ്ധതിയിലുള്ളത്.

മുസ്‌ലിം ലീഗ് സ്ഥാപക ദിനവും പ്ലാറ്റിനം ജൂബിലി ദിനവുമായ മാർച്ച് പത്തിന് നേതൃത്വ ശിൽപശാലയും രാജാജി ഹാൾ പുനരാവിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനവും സംഘടിപ്പിക്കും.

ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ സമിതിയംഗം അഡ്വ. കെ.എൻ.എ ഖാദർ മുഖ്യാതിഥിയായി പങ്കെടുക്കും. ഏരിയാ കമ്മിറ്റികളിൽനിന്നും ജില്ലാ കമ്മിറ്റികളിൽനിന്നും വിവിധ നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നുമുള്ള മുന്നൂറിലേറെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നേതൃക്യാമ്പിലും ശിൽപശാലയിലും സംബന്ധിക്കും.

എഴുപത്തഞ്ചാണ്ടുകളുടെ പ്രതീകമായി നാട്ടിൽ നിന്നും ഏറ്റവും അർഹരായ 75 ആളുകൾക്ക് ഉംറ നിർവഹിക്കാനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.

പ്രവിശ്യയിൽ നിന്നും പ്രസംഗം, സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 75 വീതം പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ആദരിക്കും.

വാർത്താ സമ്മേളനത്തിൽ പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ, സിദ്ധീഖ് പാണ്ടികശാല, അഷ്‌റഫ് ഗസാൽ, റഹ്മാൻ കാരയാട്, ഖാദർ മാസ്റ്റർ വാണിയമ്പലം, സിറാജ് ആലുവ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News