നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം; സ്വാഗതം ചെയ്ത് പ്രവാസികള്‍
വെള്ളിയാഴ്ച മുതൽ പരീക്ഷക്ക് അപേക്ഷിക്കുന്നവർക്ക് ദുബൈ കേന്ദ്രമായി സ്വീകരിക്കാൻ എൻ.ടി.എ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളും പരീക്ഷക്ക് ദുബൈ കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരും.
കുവൈത്തിന് പിന്നാലെ യു.എ.ഇയിലും നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പം അധികാരികളെ സമീപിക്കാനും മാസ് കാമ്പയിൻ സംഘടിപ്പിക്കാനും യു.എ.ഇയിലെ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ രംഗത്തുണ്ടായിരുന്നു. ദുബൈയിലെ യൂനിക് വേൾഡ് എഡൂക്കേഷനിൽ മാത്രം ഇരുനൂറിലേറെ കുട്ടികളാണ് നീറ്റിന് തയാറെടുക്കുന്നത്.
വെള്ളിയാഴ്ച മുതൽ പരീക്ഷക്ക് അപേക്ഷിക്കുന്നവർക്ക് ദുബൈ കേന്ദ്രമായി സ്വീകരിക്കാൻ സംവിധാനം എൻ.ടി.എ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്ക് ആഗസറ്റ് എട്ട് മുതൽ ഇതിന് അവസരമുണ്ടാകും.
സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കും നിലവിൽ ദുബൈയിലെത്തി പരീക്ഷ എഴുതുന്നതാകും സൗകര്യം. അപ്പോഴും അടിക്കടി മാറുന്ന യാത്രനിയന്ത്രണങ്ങൾ പലരെയും ആശങ്കയിലാക്കുന്നുണ്ട്.