നെഹ്‌റു ലോകം ആദരിച്ച ഇന്ത്യയുടെ ബഹുമുഖ പ്രതിഭ: കെപിസിസി സെക്രട്ടറി
ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവർഹർലാൽ നെഹ്‌റു, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമര നേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലോകം ആദരവോടെ കാണുന്ന ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി പിഎ സലിം പറഞ്ഞു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തിനാലാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച നെഹ്‌റു ജന്മദിനാഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവരുടെ 'ചാച്ചാജി' യായി അറിയപ്പെടുന്ന നെഹ്‌റുവിന്റെ ജന്മദിനം രാജ്യം ശിശുദിനമായിട്ടാണ് ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണത്തെ ശിശുദിനം ആഘോഷിക്കുമ്പോൾ, പശ്ചിമേഷ്യയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ബോംബിട്ട് കൊലപ്പെടുത്തുന്ന ഭീകരമായ അവസ്ഥയെ ലോകരാജ്യങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കുന്ന സാഹചര്യത്തിൽ നെഹ്‌റുവിനെപ്പോലെയുള്ള നേതാക്കളുടെ അഭാവം ലോകം തിരിച്ചറിയുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധക്കൊതിപൂണ്ട ഭരണാധികാരിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദിയുടെ നിലപാട് അപലപനീയമാണെന്നും അത് ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുൽ ഹമീദ്, റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ ഇകെ സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. ഹനീഫ് റാവുത്തർ, ചന്ദ്രമോഹനൻ, ശിഹാബ് കായംകുളം, സിറാജ് പുറക്കാട്, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ എന്നിവർ സംബന്ധിച്ചു.