സൗദിയിൽ പുതിയ എണ്ണ ശേഖരങ്ങൾ കൂടി കണ്ടെത്തി
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയത്.
റിയാദ്: സൗദിയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കൂടി കണ്ടെത്തിയതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ പര്യവേഷണം തുടരുന്നതായും മന്ത്രാലയം അറിയിച്ചു.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പര്യവേഷണത്തില്‍ പുതിയ എണ്ണ പാടങ്ങള്‍ കൂടി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ക്രൂഡ് ഓയില്‍ ശേഖരത്തിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതുതായി കണ്ടെത്തിയെ പാടങ്ങള്‍.
കിഴക്കന്‍ പ്രവിശ്യയിലെ റുബുഹുല്‍ഖാലി മരുഭൂമിയിലും ദഹ്‌റാനിന്റെ വിവിധ മേഖലകളിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. പ്രതിദിനം മുപ്പത് ദശലക്ഷം ഘനയടി ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം നടത്താവുന്ന കിണറുകളാണ് ഇവിടെ കണ്ടെത്തിയത്. ഒപ്പം 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
അല്‍ഹൈറാന്‍, അല്‍മഹാക്കീക്ക്, അസ്രിക, ഷാദൂന്‍, മസാലീഗ്, അല്‍വദീഹി ഭാഗങ്ങളിലും പുതിയ പാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ എണ്ണ പാടങ്ങളുടെ വലുപ്പവും അളവും നിര്‍ണ്ണയിക്കുന്നതിനുള്ള സൗദി അരാംകോയുടെ പര്യവേഷണം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.