സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് പുതിയ പദ്ധതി
ഒന്നര ലക്ഷത്തിലധികം സ്വദേശി തൊഴിലന്വേഷകർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതി
ദമ്മാം: സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് പുതിയ പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. ഒന്നര ലക്ഷത്തിലധികം സ്വദേശി തൊഴിലന്വേഷകർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതി. ഈ രംഗത്ത് ഏറെ പരിചയ സമ്പത്തുള്ള വിദഗ്ദ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്ത് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയിലൂടെ രാജ്യത്തെ തൊഴിൽവിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനും ഒപ്പം സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ലക്ഷ്യമിടുന്നു. ഉദ്യോഗാർഥികളുടെ പഠനത്തിലെ വീഴ്ചകൾ പരിഹരിച്ച് രാജ്യത്തെ തൊഴിൽ വിപണിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏഴ് പ്രധാന മേഖലകളിലാണ് പരിശീലനം നൽകുക. ടൂറിസം, ഹോസ്പിറ്റാലിറ്റി, ചില്ലറ വ്യാപാരം, ഐ.ടി ടെലികോം, ഊർജ ഖനനം, വൈദ്യുതി ഗ്യാസ്, ധന ഇൻഷൂറൻസ്, വ്യവസായം, ആരോഗ്യം, സാമൂഹിക സേവനം എന്നീ മേഖലകളിലാണ് വിദഗ്ദ പരിശീലനം നൽകുക. പദ്ധതിയിലൂടെ ചെറുതും ഇടത്തരവുമായ ജോലികളിൽ കൂടി സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.