ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ല: സൗദി കിരീടാവകാശി
ഫലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ശ്രമം തുടരുമെന്നും സൗദി കിരീടാവകാശി
റിയാദ്: കിഴക്കൻ ജെറുസലേം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് വീണ്ടും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ശൂറാ കൗൺസിൽ യോഗത്തിലാണ് കിരീടാവകാശി നിലപാട് ആവർത്തിച്ചത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബാക്കിയുള്ള രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ സൗദി ഇതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ കയ്യേറ്റ ഭൂമിയിൽ നിന്ന് പിൻവാങ്ങണമെന്ന യുഎൻ പ്രമേയത്തേയും സൗദി സ്വാഗതം ചെയ്തിരുന്നു. യുഎസ് മധ്യസ്ഥതയിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് സൗദിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഈ ചർച്ചകൾ അവസാന ഘട്ടത്തിലെത്തുകയും ചെയ്തു. എന്നാൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് സൗദി ഫലസ്തീൻ രാഷ്ട്രം എന്ന ഉപാധി മുന്നോട്ടി വെച്ചത്. ഇതോടെ ഇസ്രായേലും ചർച്ചയിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്.