സൗദിയുടെ എണ്ണ ഇതര കയറ്റുമതിയും കുതിക്കുന്നു; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36.6% വര്‍ധനവ്
റിയാദ്: ലോകരാജ്യങ്ങള്‍ക്കിടയില്‍ എണ്ണക്കയറ്റുമതിയിലെ കരുത്തനായ സൗദി അറേബ്യ, പുനര്‍ കയറ്റുമതി ഉള്‍പ്പെടെയുള്ള തങ്ങളുടെ എണ്ണ ഇതര കയറ്റുമതിയിലും വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2022 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 36.6% വര്‍ധനവാണ് ഈ മേഖലയില്‍ സൗദി നേടിയത്. 2021 ഏപ്രിലിലെ 20.0 ബില്യണ്‍ സൗദി റിയാലില്‍നിന്ന് 27.4 ബില്യണ്‍ റിയാലായാണ് ഈ വര്‍ഷം എണ്ണ ഇതര കയറ്റുമതി വര്‍ധിച്ചത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (GASTAT) 2022 ഏപ്രില്‍ വരെയുള്ള അന്താരാഷ്ട്ര വ്യാപാര റിപ്പോട്ടിലാണ് സൗദിയുടെ ഈ നേട്ടം വിവരിക്കുന്നത്.
2021 ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗദിയുടെ ആകെ ചരക്ക് കയറ്റുമതി 98.0% ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
രാജ്യത്തിന്റെ മൊത്ത കയറ്റുമതി മൂല്യം ഈ ഏപ്രിലില്‍ 137.1 ബില്യണ്‍ സൗദി റിയാലായി കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്. 2021 ഏപ്രിലില്‍ ഇത് വെറും 69.3 ബില്യണ്‍ റിയാലായിരുന്നതില്‍നിന്നാണ് ഈ കുതിച്ചുചാട്ടം. പ്രധാനമായും എണ്ണ കയറ്റുമതിയില്‍നിന്നാണ് ഈ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60.5 ബില്യണ്‍ റിയാലിന്റെ(123.0%) വര്‍ധനവാണിത് കാണിക്കുന്നത്.