നൊറാക്ക് കുടുംബസംഗമം സംഘടിപ്പിച്ചു
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ താമസമാക്കിയ കോട്ടയം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ നൊറാക്ക് കുടുംബസംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ പതിമൂന്നു വർഷമായി ദമ്മാമിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യരംഗത്ത് സജീവ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ നൊറാക്കിന്റെ മുവുവൻകാല അംഗങ്ങളും കുടുംബസംഗമത്തിൽ പങ്കെടുത്തു.
ജന്മനാടിന്റെ ദീപ്തമായ ഓർമ്മകളിൽ ഒരുമിച്ചിരിക്കാനും , പ്രവാസജീവിതത്തിലെ അനുഭവങ്ങളും, പ്രതീക്ഷങ്ങളും പരസ്പരം പങ്കുവയ്ക്കാനും കുടുംബസംഗമം അവസരമൊരുക്കിയെന്ന് പങ്കെടുത്തവർ ഒരുപോലെ അഭിപ്രായപ്പെട്ടു. പരിചയങ്ങൾ പുതുക്കിയും, കലാപരിപാടികൾ അവതരിപ്പിച്ചും, വിവിധങ്ങളായ കായിക വിനോദങ്ങളിൽ പങ്കു ചേർന്നും, മുതിർന്നവരും കുട്ടികളും കുടുംബസംഗമത്തെ അവിസ്മരണീയമാക്കി. നൊറാക്ക് പ്രസിഡന്റ് പോൾ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ ഡോ. സിന്ധു ബിനു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ പുതുതായി ചേർന്ന അംഗങ്ങൾക്ക് പരിചയപ്പെടുത്തി.
ഉപദേശകസമിതി അംഗങ്ങളായ എബ്രഹാം മാത്യു, ബിജു മാത്യു, മെഡിക്കൽ ബോർഡ് അംഗങ്ങളായ ഡോക്ടർ പ്രിൻസ് മാത്യു, ഡോക്ടർ അബ്ദുസ്സലാം , ഡോക്ടർ സെബിൻ , പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ഷറീഫ് ഖാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രഷറർ ജോയ് തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
നിർവാഹകസമിതി അംഗങ്ങളായ ഡെന്നീസ് മണിമല, ജോസൻ ഒളശ്ശ , ആന്റണി ജോസഫ് , അരുൺ സുകുമാരൻ , ബിജു മുണ്ടക്കയം, ആൻസി ജോസൻ , പ്രിയാ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിഖിൽ മുരളീധരൻ കായികമത്സരങ്ങളും കലാപരിപാടികളും നിയന്ത്രിച്ചു.