സൗദിയിൽ പതിനാല് വയസ് വരെയുള്ള കുട്ടികളിൽ പൊണ്ണത്തടി വർധിക്കുന്നു
ഈ പ്രായ പരിധിയിലുള്ള 14.6 ശതമാനം കുട്ടികൾക്കും പൊണ്ണത്തടിയുണ്ട്
റിയാദ്: സൗദിയിൽ കുട്ടികൾക്കിടയിലെ പൊണ്ണത്തടി വർധിക്കുന്നതായി കണക്കുകൾ. പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് പൊണ്ണത്തടി വർധിക്കുന്നത്. ഈ പ്രായ പരിധിയിലുള്ള 14.6 ശതമാനം കുട്ടികൾക്കും പൊണ്ണത്തടിയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ വർഷം വർധിച്ചത്. കഴിഞ്ഞ വർഷം 7.3 ശതമാനമായിരുന്നു പൊണ്ണത്തടിയുടെ നിരക്ക്. സൗദിയിൽ 33.3 ശതമാനം കുട്ടികളും അമിത ഭാരമുള്ളവരാണെന്നും ദേശീയ ആരോഗ്യ സർവേ ഫലങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇത് 10.5 ശതമാനമായിരുന്നു.
പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ളവരിലെ പൊണ്ണത്തടി നിരക്ക് 23.1 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 23.7 ശതമാനമായിരുന്നു. മുതിർന്നവരിൽ 45 ശതമാനത്തിലധികം പേർ അമിതഭാരമുള്ളവരാണ്. മുതിർന്നവർക്കിടയിൽ 31.2 ശതമാനം പേരാണ് അനുയോജ്യമായ ഭാരമുള്ളവർ. കഴിഞ്ഞ വർഷം ഇത് 29.5 ശതമാനമായിരുന്നു. .ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.