ഒമാൻ ഭരണാധികാരി സൗദി അറേബ്യയില്‍
പുതിയ ഒമാൻ സുൽത്താന്‍റെ ആദ്യ വിദേശ പര്യടനമാണിത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തി. അധികാരമേറ്റ ശേഷമുള്ള ഒമാൻ ഭരണാധികാരിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. സൗദിയിലെ നിയോമിൽ സൗദി കിരീടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി വിവിധ വിഷയങ്ങളിൽ ഇന്ന് കൂടിക്കാഴ്ച നടക്കും.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഒമാൻ ഭരണാധികാരി സൗദിയിലെ നിയോം വിമാനത്താവളത്തിൽ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു. ഇതിനു പിന്നാലെ ആകാശത്ത് സൗദി, ഒമാൻ പതാകയുടെ നിറത്തിലുള്ള വിമാനങ്ങളെത്തി. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്കായി എത്തിയ ഒമാൻ ഭരണാധികാരി ഹൈതം ബിൻ ത്വാരിഖിനെ നിയോമിലെ കൊട്ടാരത്തിൽ സൽമാൻ രാജാവാണ് സ്വീകരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊഷ്മളമാക്കുന്നതിനുള്ള വിവിധ ചർച്ചകളും കരാറുകളും കൂടിക്കാഴ്ചകളിലുണ്ടാകും. വ്യാപാരം, വികസനം, നിർമാണം എന്നീ മേഖലകളിലെ ചർച്ചകളുണ്ടാകും. ഒമാനിൽനിന്ന് സൗദിയിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാകാനിരിക്കുകയാണ്. യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഹൂതികളുമായുള്ള മധ്യസ്ഥ ചർച്ചകളിലും ഒമാൻ നിർണായക പങ്കു വഹിച്ചിരുന്നു. ഇതിനാൽ തന്നെ ഏറെ കൗതുകത്തോടെയാണ് ഗൾഫ് മേഖല കൂടിക്കാഴ്ചയെ കാണുന്നത്. സുൽത്താൻ ഹൈതമിനൊപ്പം മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നിയോമിൽ എത്തിയിട്ടുണ്ട്.