ജിദ്ദയില്‍ 500 വര്‍ഷത്തോളം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി
ജിദ്ദ: 500 വര്‍ഷത്തോളം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട ജിദ്ദയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലെ പരമ്പരാഗത മാര്‍ക്കറ്റുകളിലൊന്നായ ബലദ് മേഖലയില്‍ ഖാബില്‍ സ്ട്രീറ്റിന് സമീപത്തെ പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് അല്‍-ഷൗന ഹെറിറ്റേജ് ഫോര്‍ട്രസ് എന്ന കോട്ട കണ്ടെത്തിയത്. 1516 ലാണ് ഈ കോട്ട നിലനിന്നിരുന്നതെന്നാണ് അനുമാനം. ഇതോടെ ജിദ്ദ നഗരത്തിലെ പ്രധാന പുരാവസ്തു സൈറ്റുകളിലൊന്നായി അല്‍-ഷൗന മാറി.
3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടല്‍ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി ഉയര്‍ന്നുവന്ന ജിദ്ദ നഗരവുമായി ബന്ധപ്പെട്ട ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ തെളിവുകളിലേക്കും വസ്തുതകളിലേക്കും നയിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. പ്രദേശത്തെ പൊളിക്കല്‍ നടപടികള്‍ക്കിടയില്‍ മറ്റുചില പൈതൃക സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഖനന പ്രക്രിയയില്‍ കണ്ടെത്തിയ ഈ പുരാതന കോട്ട ചെങ്കടലിന്റെ തീരത്തെ തന്നെ ഏറ്റവും വലിയ കോട്ടയാണെന്നും ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായിരുന്ന കോട്ടയുടെ സ്ഥാനം ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ അഷ്റഫ് കമല്‍ പറഞ്ഞു.