സ്‌കൂള്‍ ബസുകളെ മറികടക്കുന്നത് നിയമലംഘനം; വിദ്യാര്‍ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് വരെ കാത്തിരിക്കണം
മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തും
സൗദിയില്‍ സ്‌കൂള്‍ ബസുകള്‍ ഓവര്‍ടേക് ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ട്രേറ്റ്. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിറുത്തിയിടുന്ന സ്‌കൂള്‍ ബസ് മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
സൗദിയില്‍ പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. സ്‌കൂള്‍ ബസുകളെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് മറികടക്കുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമായി കണക്കാക്കും.
രാജ്യത്തെ സ്‌കൂളുകളും കോളേജുകളും വേനലവധി കഴിഞ്ഞ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രധാന റോഡുകളില്‍ തിരക്ക് വര്‍ധിച്ചു.
നഗരങ്ങളിലെയും ഗവര്‍ണറേറ്റുകളിലെയും പ്രധാന റോഡുകള്‍, ഇന്റര്‍സെക്ഷനുകള്‍, കോളേജുകളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാഫിക് വിഭാഗത്തിന്റെ നേരിട്ടുള്ള പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.