റിയാദിൽ ഇനി പാർക്കിങ്ങിനായി അലയേണ്ട; 12 പ്രദേശങ്ങളിൽ പദ്ധതി

പ്രത്യേക ആപ്ലിക്കേഷനും തയ്യാറായി

Update: 2024-08-28 16:12 GMT
Advertising

റിയാദ്: റിയാദിൽ പാർക്കിംഗിനായി ഇനി അലയേണ്ടി വരില്ല. പാർക്കിംഗ് മേഖലയിൽ സ്വകാര്യവത്കരണം വ്യാപകമാക്കി കൂടുതൽ പ്രദേശങ്ങളിൽ സൗകര്യമൊരുക്കുകയാണ് സൗദി അറേബ്യ. റിയാദിൽ ഈ തരത്തിൽ 12 പ്രദേശങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ആപ്ലിക്കേഷനും തയ്യാറാണ്.

പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുക റിയാദിലെ 12 പ്രദേശങ്ങളിലായിരിക്കും. റിയാദ് മുനിസിപ്പാലിറ്റിയും റീം റിയാദ് ഡെവലപ്മെന്റും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയത് പത്തു വർഷത്തെ കരാറാണ്. അൽ വുറൂദ്, അൽ റഹ്‌മാനിയ, അൽ ഉല, അൽ മൊറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ എന്നിവിടങ്ങളിലായിരിക്കും പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.

സ്വകാര്യ കമ്പനിയുടെ മേൽനോട്ടത്തിലാണ് റിയാദ് പാർക്കിംഗ് ആപ്ലിക്കേഷൻ ഒരുങ്ങുന്നത്. പുതിയ പ്ലാറ്റ്ഫോമിലൂടെ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തൽ, റിസർവേഷൻ, പണമടക്കൽ, ചാർജുകൾ എന്നിവ കണ്ടെത്താം. വാഹനങ്ങളുടെ ഡാറ്റ രജിസ്റ്റർ ചെയ്യാനും വാഹനത്തിന്റെ ചിത്രങ്ങൾ ചേർക്കാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. ആപ്പിൾ പേ, എസ്ടിസി പേ, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പണമടക്കാൻ കഴിയും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 24,000 ത്തിലധികം പൊതു പാർക്കിംഗുകളുണ്ടാകും. ഇതിന് പുറമെ 140,000 ത്തിലധികം റെസിഡൻഷ്യൽ പാർക്കിംഗ് സ്ഥലങ്ങളുമാണ് സ്ഥാപിക്കുക. പാർക്കിംഗ് സൗകര്യങ്ങൾ വർധിക്കുന്നതോടെ ചുറ്റുമുള്ള വാണിജ്യ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു. ഇതിനായുള്ള കരാർ കഴിഞ്ഞ ദിവസമാണ് ഒപ്പ് വെച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News