തീർഥാടകർ നാളെ മിനായിലേക്ക്; അത്യാധുനിക സൗകര്യങ്ങളോടെ 3000 ബസുകൾ സജ്ജം
ഇത്തവണ ഹജ്ജിനായുള്ള തീർഥാടകരുടെ യാത്രകൾ മുഴുവൻ ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്
ഇത്തവണ ഹജ്ജിനായുള്ള തീർഥാടകരുടെ യാത്രകൾ മുഴുവൻ ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. 3000 ബസുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. അത്യാധുനിക സംവിധാനങ്ങളുള്ള ബസുകൾ ജിപിഎസ് വഴി ട്രാക്ക് ചെയ്യും. താമസ കേന്ദ്രങ്ങൾ അനുസരിച്ച് നാല് വ്യത്യസ്ത ട്രാക്കുകളും ബസിനായി ഒരുങ്ങിക്കഴിഞ്ഞു.
മക്കയിലെത്തുന്ന മുഴുവൻ ഹാജിമാരുടെയും യാത്ര ബസിലായിരിക്കും. ശാരീരിക അകലം പാലിച്ചുള്ളതാകും ക്രമീകരണം. ഒരു ബസിൽ 20 ഹാജിമാർ ആണ് യാത്ര ചെയ്യുക. അത്യാധുനിക സംവിധാനങ്ങളുള്ള ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
കാൽനടയായും ബസുകളിലും ട്രെയിനുകളിലുമായാണ് സാധാരണ ഹജ്ജിന് തീർഥാടകരുടെ യാത്രയുണ്ടാവുക. എന്നാൽ ഹജ്ജിന്റെ പുണ്യ സ്ഥലങ്ങളായ മിന, അറഫ, മുസ്തലിഫ, ജംറാത്ത് എന്നിവിടങ്ങളിലേക്കെല്ലാം ബസിലാകും യാത്ര. മക്കയിലേക്കുള്ള നാല് പ്രവേശന കവാടങ്ങളിലൂടെ ഹാജിമാർ ഹജ്ജിനായെത്തും.
ബസുകൾക്കായി പച്ച, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ ട്രാക്കുകളുണ്ടാകും. ഓരോ നിറങ്ങളിലുമുള്ള ട്രാക്കുകളിലൂടെ ഹജ്ജ് സർവീസ് ഏജൻസികൾക്ക് നൽകിയ സമയക്രമം അനുസരിച്ചായിരിക്കും ഹാജിമാരുടെ യാത്രകൾ. ഡ്രൈവർമാരെ പ്രത്യേകം രജിസ്റ്റർ ചെയ്തു തിരിച്ചിട്ടുണ്ട്.