സൗദിയിലേക്കുള്ള വിസാ സ്റ്റാമ്പിങിന് ഇനി പൊലീസ് ക്ലിയറൻസ് നിർബന്ധം

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടുന്നതിന് പാസ്സ്‌പോർട്ട് സേവ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്

Update: 2022-08-10 19:23 GMT
Editor : afsal137 | By : Web Desk
Advertising

റിയാദ്: സൗദിയിലേക്കുള്ള വിസാ സ്റ്റാമ്പിങിനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മുബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിങിന് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. തൊഴിൽ വിസകൾക്കാണ് ഉത്തരവ് ബാധകമാവുക. ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. ഡൽഹി എംബസി വഴിയുള്ള സ്റ്റാമ്പിങിന് നിലവിൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഡൽഹി എംബസി വഴിയുള്ള തൊഴിൽ വിസാ സ്റ്റാമ്പിങിന് നേരത്തെയുള്ള നിയമമാണിത്. ഇതാണിപ്പോൾ മുംബൈ കോൺസുലേറ്റ് വഴിയുള്ള വിസാ സ്റ്റാമ്പിങിനും ബാധകമാക്കിയത്. ഇതോടെ ഇനി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പൂർത്തിയാക്കാൻ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് സംബന്ധിച്ച അറിയിപ്പ് മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാർക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും നൽകി. മുഴുവൻ തൊഴിൽ വിസകൾക്കും പുതിയ മാനദണ്ഡം നിർബന്ധമാകും.

നിർദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന സ്റ്റാമ്പിങ് അപേക്ഷകൾ നിരസിക്കും. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്താണ് നൽകുക. കേസുണ്ടെങ്കിൽ വിസ സ്റ്റാമ്പിങ് എളുപ്പമാകില്ല. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടുന്നതിന് പാസ്സ്‌പോർട്ട് സേവ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ഇതിന് ശേഷം സർട്ടിഫിക്കറ്റ് ലഭിക്കാനായുള്ള അപ്പോയിന്റ്‌മെന്റ് തിയതി ലഭിക്കും. അപ്പോയിന്റ്‌മെന്റിന് നിശ്ചിത തുക ഫീസായും നൽകണം. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാം.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്സ്‌പോർട്ട് സേവ പോർട്ടൽ സന്ദർശിക്കുക

https://www.passportindia.gov.in/AppOnlineProject/online/pccOnlineApp'>https://www.passportindia.gov.in/AppOnlineProject/online/pccOnlineApp എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. Apply for police Clearance Certificate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment സെലക്ട് ചെയ്ത് പണം അടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നേടാം. ഒറ്റക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് വിവിധ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും ഇതിന് അപേക്ഷ നൽകാം.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News