വയനാടിന് കൈത്താങ്ങ്: ദമ്മാമിൽ പ്രവാസി ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം
ദമ്മാം: പ്രവാസി ഫുട്‌ബോൾ ടൂർണമെന്റിന് ദമ്മാമിൽ തുടക്കം. ദമ്മാം പ്രവാസി വെൽഫെയർ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വയനാട് ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വയനാടിന് കൈത്താങ്ങാവുക എന്ന തലക്കെട്ടിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയായിരുന്നു ടൂർണമെന്റിന് തുടക്കമിട്ടത്. ദമ്മാം പ്രവാസി വെൽഫെയർ മലപ്പുറം,പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്
സെവൻസ് ഫുട്ബാൾ മേള. ദമ്മാം അൽ മത്തൂ സ്റ്റേഡിയത്തിലായിരുന്നു ആദ്യ മത്സരം. പ്രവാസി വെൽഫെയർ സൗദി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം ടൂർണമെന്റിൻറെ കിക്കോഫ് കർമ്മം നിർവ്വഹിച്ചു. നാസർ വെള്ളിയത്ത്, അബ്ദു റഹീം തിരൂർക്കാട്, ബിജു പൂതക്കുളം എന്നിവർ ചടങ്ങിൽ സംസാരിച്ചു . നവാഫ് ഒലിപ്പുഴ, അബ്ദുല്ല സൈഫുദ്ദീൻ, റഊഫ് മലപ്പുറം, റഷാദ് പൂപ്പലം, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിച്ചു.