റിലീസിന് മുൻപ് ശ്രദ്ധനേടി പ്രവാസിയുടെ മലയാള സിനിമ

Update: 2023-10-26 17:16 GMT
Advertising

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കിയ ഇന്ത്യയിലെ ആദ്യചിത്രം 'മോണിക്ക, ഒരു എഐ സ്റ്റോറി' എന്ന മലയാള ചിത്രം ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ എഐ പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ, ഇവന്റുകൾ എന്നിവ ലഭ്യമാകുന്ന ഇന്ത്യ എഐ വെബ്‌സൈറ്റിൽ ചിത്രത്തെ കുറിച്ച് രേഖപ്പെടുത്തിയതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെടുന്നത്.

സിനിമ റിലീസ് ചെയ്യുന്നതോടെ, നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന സിനിമ, പ്രേക്ഷകർക്ക് ഒരു പുതിയ ചലച്ചിത്രാനുഭവം സാധ്യമാക്കും.

ഇഎം അഷ്റഫ് ആണ് സംവിധാനം. അമേരിക്കയിൽ ജനിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും സംരംഭകയുമായ അപർണ മൾബറിയാണ് എഐ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് നിർമ്മാതാവ് സൗദിയിൽ ദമ്മാലിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവമായ മൻസൂർ പള്ളൂർ പറഞ്ഞു.

സജിഷ് രാജാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രഭ വർമ എഴുതിയ വരികൾ യൂനിസിയോയുടെ സംഗീതത്തിൽ നജീം അർഷാദും യർബാഷ് ബച്ചുവുമാണ് ആലപിക്കുന്നത്. രാജു ജോർജ്ജ് എഴുതിയ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നതും ബാല ഗായകൻ യർ ബാഷ് ബച്ചുവാണ്.

റോണി റാഫേലിന്റെ മാസ്മരിക സംഗീതം പശ്ചാത്തലത്തിന് കൂടുതൽ വൈകാരികത നൽകും. ചിത്രത്തിന്റെ പ്രൊമോഷൻ ഗാനം എഴുതിയത് മൻസൂർ പള്ളൂരാണ്. പാടിയിരിക്കുന്നത് മലയാളിയല്ലാത്ത അപർണ്ണ മൾബറിയാണ്.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത തുടങ്ങിയ അഭിനേതാക്കളോടൊപ്പം സംവിധായകൻ ഇഎം അഷ്‌റഫും, മൻസൂർ പള്ളൂരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയരഋക്ടർ. ഹരി ജി നായരാണ് എഡിറ്റിങ്. കലാ സംധാനം ഹരിദാസ് ബാക്കുളവും വിഎഫ്എക്സ് വിജേഷ് സിയുമാണ്. സുബിൻ എടപ്പകം സഹനിർമ്മാതാവും കെപി ശ്രീശൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News