സൗദിയിൽ സ്‌കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ക്ലാസുകള്‍ അടുത്ത ഞായറാഴ്ച മുതല്‍
അധ്യാപകരും ജീവനക്കാരും ഇന്ന് മുതല്‍ വിദ്യാലയങ്ങളിലെത്തി
ദമ്മാം: രണ്ടര മാസത്തെ വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി. അധ്യാപകരും ജീവനക്കാരും ഇന്ന് മുതല്‍ വിദ്യാലയങ്ങളിലെത്തി. അടുത്ത ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കും.
ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ നേരത്തെ എത്തിയത്. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകൾ എന്നിവയിലാണ് ക്ലാസുകള്‍ക്ക് തുടക്കമാകുക. സ്വദേശി സ്‌കൂളുകളില്‍ ഒന്നാം പാദ പഠനത്തിന് തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ രണ്ടാം പാദത്തിനാണ് ആരംഭം കുറിക്കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നാം പാദ പരീക്ഷ കഴിഞ്ഞാണ് സ്‌കൂളുകള്‍ അടച്ചിരുന്നത്. അഞ്ച് ലക്ഷത്തോളം അധ്യാപകരും ജീവനക്കാരുമാണ് സൗദി സ്‌കൂളുകളില്‍ ജോലി ചെയ്തു വരുന്നത്.