ഖുർആൻ കത്തിച്ച സംഭവം; ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ജിദ്ദയിൽ അടിയന്തിര യോഗം ചേരും
ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിന് അധ്യക്ഷത വഹിക്കുക.
യൂറോപ്പിലെ വ്യാപക ഖുർആൻ അവഹേളനത്തിനെതിരെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ തിങ്കളാഴ്ച ജിദ്ദയിൽ അടിയന്തിര യോഗം ചേരും. ഡെന്മാർക്കിലടക്കം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനിടെ ജെറുസലേമിലെ മസ്ജിജുൽ അഖ്സയിൽ ഇരച്ചുകയറിയ ഇസ്രയേൽ നടപടിയെ സൗദി അപലപിച്ചു.
ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയാണ് അടിയന്തിര യോഗം ചേരുക. ജിദ്ദയിലെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ആസ്ഥാന മന്ദിരത്തിലാണ് യോഗം. നേരിട്ടെത്താൻ സാധിക്കാത്തവർ ഓൺലെെനായി യോഗത്തിൽ പങ്കെടുക്കും. യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടരെ വിശുദ്ധ ഖുർആൻ കത്തിക്കുകയും കീറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിച്ചിട്ടുള്ളത്.
പ്രകോപനം സൃഷ്ടിക്കുന്ന ഇത്തരം നടപടികളോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് യോഗത്തിൽ തീരുമാനിക്കും. സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ രണ്ടിന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ജിദ്ദയിൽ യോഗം ചേർന്നിരുന്നു. അതിൻ്റെ തുർച്ചയായാണ് മറ്റ് രാജ്യങ്ങളിലും സമാന സംഭവം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ച് ചേർക്കുന്നത്.
ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിന് അധ്യക്ഷത വഹിക്കുക. ഇതിനിടെ ജറൂസലേമിൽ ഇസ്രായേലിൻ്റെ ദേശീയ സുരക്ഷ മന്ത്രിയുടെ നേതൃത്വത്തിൽ അൽ അഖ് സാ പള്ളിയിലേക്ക് ഇരച്ചു കയറിയ സംഭവം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് സൗദി കുറ്റപ്പെടുത്തി. ഇത്തരം പ്രകോപനപരമായ നടപടികളെ സൗദി ശക്തമായി അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിൻ്റെ ഈ അധിനിവേശ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട വിധം പ്രതികരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.