17ാം തിയ്യതിയോടെ റഹീം ജയിൽ മോചിതനാകുമെന്ന് പ്രതീക്ഷ: നിയമ സഹായ സമിതി

ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിട്ടുള്ള പ്രത്യേക ബെഞ്ച് പരിഗണിക്കുക

Update: 2024-11-10 17:31 GMT
Advertising

റിയാദ്: 17ാം തിയ്യതിയോടെ റഹീം ജയിൽ മോചിതനാകുമെന്ന ശുഭ പ്രതീക്ഷയിലാണുള്ളതെന്ന് റിയാദിലെ റഹീം നിയമ സഹായ സമിതി. റഹീമിന്റെ ഉമ്മയുടെ ജയിൽ സന്ദർശനവുമായി ബന്ധപ്പെട്ട് റഹീം തന്നെ വ്യക്തത വരുത്തിയിട്ടെന്നും അതുമായി ബന്ധപ്പെട്ട് സമിതിയെ പ്രതി സ്ഥാനത്ത് നിർത്താൻ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണെമന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി.

ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിട്ടുള്ള പ്രത്യേക ബെഞ്ച് പരിഗണിക്കുക. അന്ന് മോചന ഉത്തരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു.

നിയമ സഹായ സമിതിയുടെ അറിവോടെയല്ല റഹീമിന്റെ ഉമ്മ ജയിലിൽ എത്തിയത്. നിയമസഹായ സമിതിയുടെ പ്രവർത്തനങ്ങൾ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഗവണ്മെന്റ് നിയമാനുസൃത സ്ഥാപനമായ എംബസിയെ എങ്കിലും ബന്ധപ്പെടേണ്ടതായിരുന്നു. എന്നാൽ അത് പോലും കുടുംബത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും സമിതി അംഗങ്ങൾ ആരോപിച്ചു.

റഹീം ഞങ്ങൾക്ക് സഹോദരനെപ്പോലെയാണെന്നും, റഹീം പുറത്തിറങ്ങിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വ്യക്തമായി പൊതു സമൂഹത്തെ അറിയിക്കുമെന്നും അംഗങ്ങൾ അറിയിച്ചു. റഹീമിന്റെ സഹോദരിമാർ പോലും അറിയാതെയാണ് ഉമ്മയുടെ ജയിൽ സന്ദർശനം. സന്ദർശന വിവരം നിയമസഹായ സമിതിയുമായി അറിയിക്കാത്തതിൽ റഹീമിനും വിഷമമുണ്ടായിട്ടുണ്ട്.

റിയാദിലെ പൊതു സമൂഹം തങ്ങളുടെ പിന്നിലുണ്ടെന്നും റഹീമിന്റെ പിന്നിൽ സഹായ സമിതി ഉണ്ടെന്നും റഹീമിന്റെ മോചനമല്ലാതെ മറ്റൊരു ലക്ഷ്യം സമിതിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News