ജിദ്ദയിലും മക്കയിലും മഴ; റോഡുകളിൽ വെള്ളം ഉയർന്നു

വരും ദിവസങ്ങളിലും മഴ തുടരും

Update: 2023-11-15 19:01 GMT
Advertising

ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. ഉച്ചയോടെ ജിദ്ദയുടെയും മക്കയുടെ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. ചില സ്ഥലങ്ങളിൽ മഴ ശക്തമായി തന്നെ പെയ്തു. റോഡുകളിൽ വെള്ളം കയറിതോടെ ഏതാനും റോഡുകൾ അടച്ചിടേണ്ടി വന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി വസ്തുക്കൾ ഒലിച്ച് പോയി. വാഹനങ്ങൾ വഴിയിൽ പണി മുടക്കി. അതേസമയം മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായോ ആയ തോതിലാണ് മഴ ലഭിച്ചത്.

മക്കയിൽ മസ്ജിദുൽ ഹറമിൽ മഴ നനഞ്ഞുകൊണ്ട് വിശ്വാസികൾ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി. മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ഇന്നലെ അർധരാത്രി മുതൽ ഇന്ന് ഉച്ചവരെ ജിദ്ദയും മക്കയുമുൾപ്പെടെ ആറ് ഗവർണറേറ്റുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും വ്യാഴാഴ്ച ഉച്ചക്ക് ഒരു മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിലും മഴയും കാറ്റും ആലിപ്പഴ വർഷവും തുടരാനിടയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News