സൗദിക്ക് ടൂറിസം മേഖലയില്‍ അതിവേഗ വളര്‍ച്ച; 12 സ്ഥാനം മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തി

വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റേതാണ് കണക്ക്

Update: 2023-07-11 19:09 GMT
Advertising

ലോകത്ത് ടൂറിസം മേഖലയില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ പന്ത്രണ്ട് സ്ഥാനങ്ങള്‍ മറികടന്ന് പതിമൂന്നാം സ്ഥാനത്തെത്തി.

കോവിഡിനു മുമ്പ് 2019ല്‍ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തായിരുന്നു സൌദി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റേതാണ് കണക്ക്. 2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 64 ശതമാനം തോതില്‍ വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ സൗദിയിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് 980 കോടി ഡോളര്‍ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 700 കോടി ഡോളറായിരുന്നിടത്താണ് വര്‍ധനവ്. സൗദിയുടെ ചരിത്രത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം ധനവിനിയോഗം നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്.

കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 2300 കോടി ഡോളര്‍ ചെലവഴിച്ചു. ഇത്തവണ ഇത് മറികടക്കുമെന്ന സൂചനയാണ് ആദ്യപാദത്തില്‍ രേഖപ്പെടുത്തിയ വര്‍ധനവ് വ്യക്തമാക്കുന്നത്.. തീര്‍ഥാടകര്‍ അടക്കം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് 1.66 കോടി വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയത്. അന്താരാഷ്ട്ര ടൂറിസം വരുമാന സൂചികയില്‍ 16 സ്ഥാനങ്ങള്‍ മറികടന്ന് കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 11 ആം സ്ഥാനത്തെത്തിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News