ഹജ്ജിനെത്തിയ ശേഷം മക്കയിൽ നിന്ന് കാണാതായ മലയാളിയെ കണ്ടെത്താൻ പ്രവാസികളുടെ സഹായം തേടി ബന്ധുക്കൾ
ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച ശേഷം ഒരു ദിവസം രാവിലെ ഹറമിനടുത്തുള്ള ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ച് വന്നിട്ടില്ല.
ദോഹ: ഹജ്ജിനെത്തിയ ശേഷം മക്കയിൽ നിന്ന് കാണാതായ മലയാളിയെ കണ്ടെത്താൻ പ്രവാസികളുടെ സഹായം തേടി ബന്ധുക്കൾ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീനെ കാണാതായിട്ട് ഒരു മാസത്തോളമായി.
ഭാര്യയോടും ബന്ധുവിനോടുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. നിരവധി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഇദ്ദേഹത്തെ കണ്ടെത്താൻ സൗദിയിലെ എല്ലാ ഭാഗങ്ങളിലേയും ആശുപത്രികളിലും മറ്റും അന്വേഷിക്കണമെന്ന് സാമൂഹിക പ്രവർത്തകർ പ്രവാസികളോട് അഭ്യർഥിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 8 നാണ് മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ എന്നയാളെ മക്കയിൽ നിന്ന് കാണാതാകുന്നത്. ഭാര്യയോടും ഭാര്യാ സഹോദരിയോടുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച ശേഷം ഒരു ദിവസം രാവിലെ ഹറമിനടുത്തുള്ള ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ച് വന്നിട്ടില്ല.
അഞ്ച് വർഷത്തോളമായി ഇദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ തന്നെ വഴി തെറ്റി സഞ്ചരിച്ചതാകാം എന്ന നിഗമനത്തിലാണ് ബന്ധുക്കൾ. പിതാവിനെ കാണാതായതറിഞ്ഞ് നാട്ടിൽ നിന്ന് മകൻ ഷബീറും അന്വേഷണത്തിനായി മക്കയിലെത്തിയിട്ടുണ്ട്. കാണാതായി രണ്ട് ദിവസത്തിന് ശേഷം മക്കയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നുസ്ഹയിൽ വെച്ച് ഒരു മലയാളി കണ്ടതായും അദ്ദേഹത്തോട് ഹറമിലേക്കുള്ള വഴി അന്വേഷിച്ചതായും വിവരം ലഭിച്ചിരുന്നു.
മക്കയിലെത്തുന്ന തീർഥാടകരെ കാണാതാകുന്നതും വഴി തെറ്റി പോകുന്നതും സാധാരണ സംഭവമാണ്. എന്നാൽ ഇവരെയൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കണ്ടുകിട്ടാറാണ് പതിവ്. മൊയ്തീനെ കാണാതായതിന് ശേഷം കണ്ണീരും പ്രാർത്ഥനകളുമായി കഴിഞ്ഞ് കൂടുകയാണ് കുടുംബം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 050 233 6683 എന്ന നമ്പറിൽ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിനെ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു.
Watch Video Report