അബ്ദുൽ റഹീമിന്റെ മോചനം: ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലേക്ക് ഫയൽ കൈമാറി
വിവിധ വകുപ്പുകളുടെ ക്ലിയറൻസ് ലഭിക്കേണ്ടതിനാലാണ് മോചനത്തിന് കാലതാമസം നേരിടുന്നത്
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയൽ ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലേക്ക് അയച്ചു. ഇവിടെ നിന്നും കോടതിയിലേക്കും പിന്നീട് ജയിലിലേക്കും ഉത്തരവെത്തുന്നതോടെ മോചനമാകുമെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. വിവിധ വകുപ്പുകളുടെ ക്ലിയറൻസ് ലഭിക്കാനാണ് നിലവിലുള്ള കാലതാമസം. കേസ് എംബസി പിന്തുടരുന്നതായി റിയാദിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു.
ഇന്ന് ഗവർണറേറ്റിൽ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസിന്റെ ഫയൽ അയച്ചിട്ടുണ്ട്. ഞായറാഴ്ച ഇത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് എത്തും. പബ്ലിക് പ്രോസിക്യൂഷൻ റഹീമിനെതിരെ മറ്റു കേസുകളില്ലെന്ന് ഉറപ്പാക്കി ഫയൽ കോടതിയിലേക്ക് അയക്കും. ഇതോടെ കോടതിയുടെ മോചന ഉത്തരവ് പുറത്തിറങ്ങും. ഈ ഉത്തരവ് വീണ്ടും ഗവർണറേറ്റിലേക്ക് അയക്കും. ഗവർണറേറ്റാണ് ഉത്തരവ് ജയിലിലേക്കയച്ച് ജയിൽ മോചനം സാധ്യമാക്കുക.
കൊലപാതക കേസായാൽ ഓരോ നടപടികൾക്കും വിവിധ ഡിപ്പാർട്ടുമെന്റുകളുടെ അനുമതിയും ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഇതിനുള്ള സമയമാണ് നിലവിൽ എടുക്കുന്നത്. കോടതി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കാമെന്നും കേസ് അറ്റോണിമാർക്കൊമൊപ്പം പിന്തുടരുന്നതായും സൗദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാൻ പറഞ്ഞു.
ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ ഉത്തരവ് വന്നത്. എംബസി ഉദ്യോഗസഥനായ യൂസുഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ അറ്റോണിയായ സിദ്ദീഖ് തുവ്വൂരുമാണ് കേസ് ഗവർണറേറ്റിൽ പിന്തുടരുന്നത്. മോചന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ നിയമ സഹായ സമിതി.