ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഗോള വിപണിയിൽ അരിവില വർധിക്കുന്നു
ഗൾഫ് രാജ്യങ്ങളുൾപ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനത്തോടെ ആഗോള വിപണിയിൽ അരിവില വർധിക്കുന്നു. ഇതോടെ കയറ്റുമതി നിരോധനം പ്രവാസികളേയും ബാധിക്കുമെന്നാണ് ആശങ്ക. മലയാളികൾ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വെളുത്ത അരിയുടെ കയറ്റുമതിയും നിരോധിച്ചവയിലുണ്ട്.
ഗൾഫ് രാജ്യങ്ങളുൾപ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തതോടെയാണ് വിലക്കയറ്റം ഉണ്ടായേക്കുമെന്ന നിഗമനത്തിൽ ഇന്ത്യ അരിയുടെ കയറ്റുമതിക്ക് ജൂലൈ 20 മുതൽ നിരോധനം ഏർപ്പെടുത്തിയത്. ബസ്മതി ഒഴികെയുള്ള പോളീഷ്ഡ് ഇനത്തിൽപ്പെട്ട വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിർത്തലാക്കിയത്. പ്രവാസി മലയാളികളുടെ മുഖ്യാഹാരമാണിത്. ഇന്ത്യക്ക് പിറകെ യുഎഇയും അരി കയറ്റുമതി നിരോധിച്ചു.
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയിലാണ് ഇന്ത്യയുടെ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കൾ ഏറ്റവും കൂടുതലുള്ളത്. ഗൾഫിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബസുമതി അരിയുടെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടില്ല. എങ്കിലും പച്ചരി, ജീരകശാല, സോന മസൂരി തുടങ്ങിയവയുടെ നിരോധനം ഗൾഫ് നാടുകളിലെ പ്രവാസികളെ കാര്യമായി ബാധിക്കും. മാത്രമല്ല ആഗോള വിപണിയിൽ അരിക്ക് തുടർച്ചയായി വില വർധിക്കുന്നത് ബസുമതി ഉൾപ്പെടെ എല്ലായിനം അരികളേയും ബാധിക്കാനിടയുണ്ട്. അതേസമയം അരിയുടെ ലഭ്യത ഉറപ്പ് വരുത്താൻ വിയറ്റ്നാം, തായ്ലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അരിയുടെ ഇറക്കുമതി വർധിപ്പിക്കാനും ഗൾഫ് രാജ്യങ്ങൾ നീക്കമാരംഭിച്ചു.
With India banning rice exports, rice prices are soaring in the global market