റിയാദ് എയർലൈൻസ്; സൗദി അറേബ്യക്ക് പുതിയ വിമാനക്കമ്പനി

സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കഴിഞ്ഞ സെപ്തംബറിലെ പ്രഖ്യാപനമായിരുന്നു പുതിയ വിമാനക്കമ്പനി.

Update: 2023-03-12 18:12 GMT
Advertising

റിയാദ്: സൗദി അറേബ്യ പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ചു. റിയാദ് എയർലൈൻസ് എന്ന പേരിലാണ് കമ്പനി. ലോകത്തിന്റെ നൂറിലേറെ ഭാഗങ്ങളിലേക്ക് റിയാദ് എയർ ലൈൻസ് സർവീസ് നടത്തും. 35,000 കോടി റിയാൽ മുതൽ മുടക്കിൽ നൂറിലേറെ വിമാനങ്ങളാണ് ആദ്യം സൗദി ഇറക്കുമതി ചെയ്യുക.

സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കഴിഞ്ഞ സെപ്തംബറിലെ പ്രഖ്യാപനമായിരുന്നു പുതിയ വിമാനക്കമ്പനി. റിയ എന്നായിരിക്കും പേരെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. എന്നാൽ പുതിയ പ്രഖ്യാപന പ്രകാരം പുതിയ വിമാനക്കമ്പനി റിയാദ് എയർലൈൻസ് എന്നറിയപ്പെടും. റിയാദായിരിക്കും ആസ്ഥാനം.

ലോകത്തെ ഏറ്റവും മുന്തിയ വിമാനങ്ങൾ കമ്പനി സ്വന്തമാക്കും. ആദ്യ ഘട്ടത്തിൽ നൂറിലേറെ ബോയിങ് വിമാനങ്ങളാകും കമ്പനി സ്വന്തമാക്കുക. ആദ്യ ഘട്ട വിമാനങ്ങൾ വാങ്ങാൻ 35000 കോടി റിയാലിന്റെ കരാർ തയ്യാറായെന്നാണ് എയർലൈൻ രംഗത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാകും ആദ്യം സർവീസുകൾ. 2030 ഓടെ 250 കേന്ദ്രങ്ങളിലേക്ക് സർവീസ് നീട്ടും.

ആ വർഷത്തോടെ 30 ലക്ഷം യാത്രക്കാരുടെ യാത്ര റിയാദ് എയർലൈൻ വഴിയാകണമെന്നതാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസർ അൽ-റുമയ്യനെ നിയമിക്കും. വ്യോമയാനം, ലോജിസ്റ്റിക്സ് മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ കമ്പനിയുടെ സിഇഒ ആയി നിയമിച്ചിട്ടുണ്ട്.

സൗദി എയർലൈൻസാണ് നിലവിൽ സൗദിയുടെ ദേശീയ വിമാനക്കമ്പനി. ജിദ്ദയാണ് ആസ്ഥാനം. ഇത് നിലവിലുള്ള സർവീസെല്ലാം തുടരും. നിലവിൽ സൗദി അറേബ്യയിലേക്കുള്ള ആകെ വിമാന സർവീസിന്റെ 60 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ്. ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് 20 ശതമാനവും ആഫ്രിക്കയിൽ നിന്ന് 10 ശതമാനവും മാത്രം. ഇതിനാൽ പുതിയ വിമാനക്കമ്പനിയുടെ പ്രധാന നോട്ടം യൂറോപ്പുൾപ്പെടെ മറ്റു ഭാഗങ്ങളിലേക്ക് കൂടിയാകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News