വേനലവധി; റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു

Update: 2022-07-04 11:02 GMT
Advertising

വേനല്‍ അവധിക്കാലമാരംഭിച്ചതോടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. അവധിക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികുടുംബങ്ങളുടെ എണ്ണം അധികരിച്ചതോടെയാണ് വിമാനത്താവളം കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ അസാധാരണ തിരക്കിന് സാക്ഷ്യം വഹിച്ചത്.

വെള്ളിയാഴ്ച മാത്രം, 87,000ത്തില്‍ അധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. ശനിയാഴ്ച അല്‍പംകൂടി വര്‍ധിച്ച് 90,000ത്തോളം യാത്രക്കാരാണ് എയര്‍പോര്‍ട്ടിലെത്തിയത്. തിരക്ക് വര്‍ധിച്ചെങ്കിലും എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ സുഗമമായി തന്നെ മുന്നോട്ട് പോകുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ വലിയ തിരക്ക് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ചില പ്രയാസങ്ങള്‍ക്ക് കാരണമായി. എങ്കിലും ഏതെങ്കിലും വിമാനം റദ്ദാക്കേണ്ടതായോ മറ്റോ വന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമൂലം, കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്ര മാറ്റിവയ്‌ക്കേണ്ടിവന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബങ്ങളാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. യാത്രക്കാരുടെ തിരക്ക് മൂലം ദമാമിലെ കിങ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ റിയാദിലെ അത്രയും വലിയ തിരക്ക് ദമാമില്‍ ഉണ്ടായിട്ടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News