ലാ ലീഗയുമായി കൈകോർത്ത് റിയാദ് സീസൺ; മൂന്ന് സീസണുകളിലെ ഔദ്യോഗിക സ്പോൺസർഷിപ്പ് ഏറ്റെടുത്തു
സൗദിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക ലക്ഷ്യം
റിയാദ്: ലോകത്തിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ലീഗുകളിലൊന്നായ സ്പാനിഷ് ഫുട്ബോൾ ലീഗ് ലാ ലീഗയുടെ ഔദ്യോഗിക സ്പോൺസർഷിപ്പ് സൗദിയിലെ എന്റർടൈൻമെന്റ് പ്രോഗ്രാമായ റിയാദ് സീസൺ ഏറ്റെടുത്തു. ഇരു കമ്പനികളും പരസ്പര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സി.ഇ.ഒ ഫൈസൽ ബഫറത്തും, ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസും ഒപ്പ് വെച്ച കരാറുകൾ പരസ്പരം കൈമാറി. അടുത്ത മൂന്ന് സീസണുകളിലേക്കാണ് ധാരണ. രണ്ട് ബ്രാന്റുകൾക്കുമായി പ്രൊമോഷണൽ പ്രവർത്തനങ്ങളും ഇവന്റുകളും സംഘടിപ്പിക്കാനും ഇരു കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ നടപ്പിലാക്കാനും ലക്ഷ്യമിടുന്നതാണ് കരാർ. ആഗോളതലത്തിലേക്കുള്ള റിയാദ് സീസണിന്റെ യാത്രയിലെ സുപ്രധാന ചുവടുവെപ്പായാണ് കരാറിനെ കാണുന്നതെന്ന് റിയാദ് സീസൺ സി.ഇ.ഒ പറഞ്ഞു. ആഗോള ലക്ഷ്യമെന്ന നിലയിൽ റിയാദ് സീസണിന്റെ ആകർഷണം ശക്തിപ്പെടുത്തിക്കൊണ്ട് ലാലീഗ സീസണിലെ ഫുട്ബോൾ ആരാധകരിലും സന്ദർശകരിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.