ഡാറ്റാ നെറ്റ്‍ വർക്ക് പദ്ധതിക്ക് സൗദിയും ഗ്രീസും കരാറിൽ ഒപ്പു വെച്ചു

ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു

Update: 2022-07-27 18:52 GMT
Editor : ijas
Advertising

യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഡാറ്റാ നെറ്റ്‍ വർക്ക് പദ്ധതിക്ക് സൗദിയും ഗ്രീസും കരാറിൽ ഒപ്പു വെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഗ്രീസ് സന്ദർശനത്തിടെയാണ് ഒപ്പു വെച്ചത്. സൈനിക സഹകരണം, ഊർജം, സാങ്കേതിക വിദ്യാ കൈമാറ്റം, വൈദ്യുതി സഹകരണം എന്നീ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും.

ഇന്നലെ ഗ്രീസിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ സന്ദർശനത്തിനിടെയാണ് സുപ്രധാന കരാറുകൾ പിറന്നത്. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. പുനരുപയോഗ ഊർജം, വൈദ്യുതി ലഭ്യമാക്കാൽ, ഗ്രീസിലേക്കും യൂറോപ്പിലേക്കും വൈദ്യുതി കയറ്റുമതി, ക്ലീൻ ഹൈഡ്രജൻ, എണ്ണ, വാതകം, പെട്രോകെമിക്കൽ വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതാണ് കരാറുകൾ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള സഹകരണത്തിനായി ധാരണാ പത്രങ്ങളും ഒപ്പു വെച്ചു. കാർബൺ പുറന്തള്ളൽ കുറക്കൽ, പുനരുപയോഗം, കാർബൺ കുറച്ചുള്ള ഗതാഗതം, വായുവിൽ നിന്ന് നേരിട്ട് കാർബൺ പിടിച്ചെടുക്കൽ എന്നിവയാണിതിൽ പ്രധാനം. യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന കടലിനടിയിൽ കൂടിയുള്ള ഡാറ്റാ കേബിൾ സ്ഥാപിക്കുന്നതിനുള്ള കരാറും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. സൗദി അറേബ്യയിലെ എസ്ടിസി, ഗ്രീക്ക് ടെലികോം എന്നിവയുടെ ഉടമസ്ഥതയിലുള്ള മെന ഹബ് വികസിപ്പിക്കുന്ന, ഈസ്റ്റ് ടു മെഡ് ഡാറ്റ കോറിഡോർ എന്ന പദ്ധതി വഴിയാണിത് പൂർത്തിയാക്കുക.

Full View

യൂറോപ്പിന് വിലകുറച്ച് ഹരിത ഊർജം ലഭ്യമാക്കാൻ സൗദിയിലെ പവർ ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ചർച്ചയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കുന്നതാണ് കരാറുകളെല്ലാം. ഏഥൻസിലെ ചരിത്ര കേന്ദ്രങ്ങളും കിരീടാവകാശി സന്ദർശിച്ചു. കിരീടാവകാശിയുടെ അടുത്ത സന്ദർശനം ഫ്രാൻസിലേക്കാണ്. 2019ൽ ജപ്പാനിലെ ജി20 ഉച്ചകോടിക്ക് ശേഷം സൗദി കിരീടാവകാശി നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണ് ഗ്രീസിലേത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News