സ്വര്‍ണ ഉല്‍പ്പാദനം 10 ഇരട്ടിയാക്കാനൊരുങ്ങി സൗദി; സ്വദേശികള്‍ക്ക് 50,000 തൊഴിലവസരങ്ങള്‍

Update: 2022-02-08 15:25 GMT
Advertising

സൗദിയുടെ സ്വര്‍ണ ഉല്‍പാദനം വര്‍ധിപ്പിക്കാനൊരുങ്ങി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം. 2015 നെ അപേക്ഷിച്ച് 10 മടങ്ങ് ഉല്‍പാദനമാണ് പുതിയ ആറ് ഖനികളുടെ പിന്‍ബലത്തില്‍ ലക്ഷ്യമിടുന്നതെന്ന് ഖനനകാര്യ വൈസ് മന്ത്രി ഖാലിദ് അല്‍ മുദൈഫര്‍ അറിയിച്ചു.

നിര്‍മാണത്തിലുള്ള ആറ് ഖനികളില്‍ റിയാദ്-തായിഫ് റോഡിലെ മന്‍സൂറ-മസാറയാണ് ഏറ്റവും വലുത്. അതില്‍ മാത്രമായി 3 മുതല്‍ 4 ബില്യണ്‍ സൗദി റിയാല്‍ വരെ വിലമതിക്കുന്ന ധാതു നിക്ഷേപം ഉണ്ടെന്നാണ് നിഗമനം.

സ്വദേശികള്‍ക്കായി ഖനികളില്‍ 20,000 വും മെറ്റല്‍ ഫാക്ടറികളില്‍ 30,000 വുമുള്‍പ്പെടെ 50,000 തൊഴിലവസരങ്ങളാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. അതില്‍ തന്നെ 30% തൊഴിലവസരങ്ങള്‍ ബിരുദധാരികള്‍ക്കും 70% തൊഴിലവസരങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ക്കുമുള്ളതാണ്.

ആറ് മാസം മുമ്പ് രാജ്യം ഈ മേഖലയില്‍ ജോലിയവസരങ്ങള്‍ വാഗ്ദാനം ചെയ്ത പ്രകാരം നിലവില്‍ ഖനികളില്‍ 1,400 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഖനികള്‍, ഉപകരണങ്ങള്‍, ഫാക്ടറികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളില്‍ സാങ്കേതിക വിദഗ്ധരാണ് ആധിപത്യം പുലര്‍ത്തുന്നത്.

ബിരുദധാരികള്‍ക്കായി വാഗ്ദാനം ചെയ്യുന്ന ജോലികളില്‍ എഞ്ചിനീയറിങ്, മൈനിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, ഡാറ്റ വിശകലനം എന്നിവയാണ് ഉള്‍പ്പെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News