അറബ് മേഖലയിലെ രണ്ടാമത്തെ എറ്റവും വലിയ സൈനിക ശക്തിയായി സൗദി അറേബ്യ
അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജൻസിയായ ഗ്ലോബൽ ഫയർ പവർ വെബ്‌സൈറ്റ് പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യ ആഗോള തലത്തില്‍ നാലാമതാണ്
ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ പുതുക്കിയ പട്ടികയിൽ പതിനേഴാം സ്ഥാനത്ത് ഇടംപിടിച്ച് സൗദി അറേബ്യ. അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വർഷത്തെ പട്ടികയാണ് പുറത്തുവിട്ടത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജൻസിയായ ഗ്ലോബൽ ഫയർ പവർ വെബ്‌സൈറ്റിന്റേതാണ് വിവരങ്ങൾ. ഇതു പ്രകാരം ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണ്. രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയും. ഇന്ത്യ നാലാം സ്ഥാനത്തുണ്ട്.
പതിനൊന്നാം സ്ഥാനത്ത് തുർക്കിയും 13 ആം സ്ഥാനത്ത് ഈജിപ്തും 14 ആം സ്ഥാനത്ത് ഇറാനുമുണ്ട്. സൗദി അറേബ്യക്ക് പതിനേഴാം സ്ഥാനം പട്ടികയിലുണ്ട്. അറബ് മേഖലയിലെ സൈനിക ശക്തികളിൽ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് ഈജിപ്താണ്. ആഗോള തലത്തിലെ കണക്കിൽ ഇസ്രയേൽ, സൗദിക്കും പിറകിൽ 20 ആം സ്ഥാനത്താണുള്ളത്. ജിസിസിയിലെ മറ്റു പ്രധാന രാജ്യങ്ങളിൽ യു.എ.ഇ 36-ാം സ്ഥാനത്താണ്. കുവൈത്ത് 71, ഒമാൻ 72, ഖത്തർ 82, ബഹ്‌റൈൻ 103 സ്ഥാനങ്ങളിലുമായി നില കൊള്ളുന്നു. അമ്പതിലേറെ ഘടകങ്ങളാണ് പട്ടിക തയ്യാറാക്കാൻ കണക്കാക്കുന്നത്. സൈനിക ശേഷി, ചരക്കു നീക്കത്തിലെ സ്ഥാനം, സാമ്പത്തികം, ഭൂമിശാസ്ത്ര പരമായ പ്രാധാന്യം എന്നിവ ഇതിൽ ഘടകങ്ങളാകാറുണ്ട്.