വിനോദസഞ്ചാരികൾക്കായി വീണ്ടും ആഢംബര കപ്പൽ യാത്രയുമായി സൗദി
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സൗദിയിൽ ആദ്യമായി വിനോദസഞ്ചാരികൾക്കായി ആഢംബര കപ്പൽ യാത്ര ആരംഭിച്ചത്
സൗദിയിൽ വിനോദസഞ്ചാരികൾക്കായി വീണ്ടും ആഢംബര കപ്പൽ യാത്ര പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ച ചെങ്കടൽ ക്രൂയിസ് കപ്പൽ പദ്ധതിയാണ് പുനരാരംഭിക്കുന്നത്. ജിദ്ദയിൽ നിന്നും യാമ്പു, ഈജിപ്ത്, ജോർദാർ തീരങ്ങളിലേക്കാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സൗദിയിൽ ആദ്യമായി വിനോദസഞ്ചാരികൾക്കായി ആഢംബര കപ്പൽ യാത്ര ആരംഭിച്ചത്. എന്നാൽ ആദ്യ യാത്രയിൽ തന്നെ യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് ബാധ സംശയിച്ചതിനെ തുടർന്ന് യാത്ര നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. അതിന് ശേഷം വീണ്ടും യാത്ര പുനരാരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി പദ്ധതി നടത്തുന്ന ക്രൂയിസ് കമ്പനി അറിയിച്ചു.
ഒരാൾക്ക് 2150 റിയാൽ മുതലുള്ള വിവിധ പാക്കേജുകൾ തെരഞ്ഞെടുക്കാം. ജിദ്ദയിൽ നിന്നും ചെങ്കടൽ മേഖലയിലൂടെ പുറപ്പെടുന്ന കപ്പൽ യാമ്പു, ജോർദാൻ, ഈജിപ്ത് എന്നീ തീരങ്ങളിലേക്കായി മൂന്ന് റുട്ടുകളിലേക്കായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും ബാച്ചിലേഴ്‌സിനും കുട്ടികൾക്കുമെല്ലാം പങ്കെടുക്കുന്നതിന് അനുയോജ്യമായ പാക്കജേുകൾ ലഭ്യമാണ്.
റിസോട്ടുകളിൽ താമസിക്കുവാനും, വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കുവാനും അവസരമുണ്ടാകും. സ്റ്റാർ ഹോട്ടലുകൾ, ആഢംബര റസ്റ്റോറന്റുകൾ, വലിയ തിയേറ്ററുകൾ, ഗെയിം സോൺ, നീന്തൽ കുളങ്ങൾ, ജിം ഹാൾ, തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമെ നിരവധി വിനോദ, വിദ്യാഭ്യാസ പര്യവേഷണ പരിപാടികൾ ആസ്വദിക്കുന്നതിനും കപ്പലിൽ അവസരമുണ്ട്.