'നാഷണൽ സ്‌കിൽസ് പ്ലാറ്റ്ഫോം'; തൊഴിൽശേഷി വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൗദി
പുതിയ കാലഘട്ടത്തിലെ തൊഴിൽ രീതികളുടെ മാറ്റം അതിജീവിക്കലാണ് ലക്ഷ്യം


റിയാദ്: തൊഴിലാളികളുടെ തൊഴിൽശേഷി എഐ മേഖലയിലടക്കം വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൗദി അറേബ്യ. നാഷണൽ സ്‌കിൽസ് പ്ലാറ്റ്ഫോം എന്ന പേരിലാണ് പുതിയ സംവിധാനം. പുതിയ കാലഘട്ടത്തിലെ തൊഴിൽ രീതികളുടെ മാറ്റം അതിജീവിക്കലാണ് ലക്ഷ്യം. ഇതിനായി തൊഴിലാളികളെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ മന്ത്രി അഹ്‌മദ് അൽ റാജഹിയാണ് പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്.
ഹ്യൂമൻ കപ്പാസിറ്റി ഇനീഷ്യേറ്റീവ് കോൺഫറൻസിന്റെ രണ്ടാം ദിവസമായിരുന്നു പ്രഖ്യാപനം. വിവിധ പരിശീലന പ്രവർത്തങ്ങൾ ഉൾപ്പെട്ടതാണ്‌സംവിധാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പരിശീലനങ്ങൾ, കഴിവുകൾ തിരിച്ചറിയാനുള്ള സംവിധാനം, അതാതു കാലത്തെ ട്രന്റുകൾക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കൽ എന്നിവ പ്ലാറ്റഫോമിന്റെ പ്രവർത്തനങ്ങളിൽ ഉൾപെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി തൊഴിൽ വിപണിയിൽ ജീവനക്കാരുടെ ശേഷി ഇതിലൂടെ വർധിപ്പിക്കാനാകും. വിവിധ പ്രവർത്തനങ്ങളിലൂടെ ആഗോള തലത്തിലുള്ള പ്രതിഭകളെ വളർത്തലും ലക്ഷ്യമാണ്. വരും കാലങ്ങളിലെ അനുയോജ്യമായ തൊഴിലാളികളുടെ അഭാവം ഒരു പരിധിവരെ സംവിധാനത്തിലൂടെ പരിഹരിക്കാം.