ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ക്കുണ്ടായിരുന്ന യാത്രാവിലക്ക് എടുത്ത് കളഞ്ഞു
റിയാദ്: സൗദി പൗരന്മാര്‍ക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുണ്ടായിരുന്ന താല്‍ക്കാലിക യാത്രാ വിലക്ക് എടുത്ത് കളഞ്ഞു. ഇന്ത്യയെക്കൂടാതെ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നിവയാണ് വിലക്ക് എടുത്ത് കളഞ്ഞ മറ്റു രാജ്യങ്ങള്‍. സൗദിയില്‍നിന്ന് ഈ രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള യാത്രകള്‍ക്ക് പൗരന്മാര്‍ക്ക് ഇനിമുതല്‍ വിലക്കുണ്ടായിരിക്കില്ല. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങളാണ് ഇന്നുമുതല്‍ വിലക്ക് എടുത്ത് കളഞ്ഞതായി അറിയിച്ചത്.
രാജ്യത്തേയും ആഗോള തലത്തിലും കോവിഡ് സാഹചര്യത്തലുണ്ടായ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിരോധനം നീക്കിയത്. സൗദി പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുണ്ടായിരുന്ന യാത്രാവിലക്കും ജൂണ്‍ 7ന് സൗദി പിന്‍വലിച്ചിരുന്നു.
നേരത്തെ കൊവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തിലാണ് സൗദി പൗരന്മാര്‍ക്ക് 11 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) ഉത്തരവിറക്കിയത്.