മാനുഷിക സഹായമൊരുക്കുന്നതില്‍ ആഗോളതലത്തില്‍ സൗദി മൂന്നാമത്; യെമനിലേക്ക് സഹായമെത്തിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും രാജ്യത്തിനാണ്
യുണൈറ്റഡ് നേഷന്‍സ് ഫിനാന്‍ഷ്യല്‍ ട്രാക്കിങ് പ്ലാറ്റ്ഫോമിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം, അമേരിക്കയും ജര്‍മ്മനിയുമാണ് സൗദിക്ക് മുന്നിലുള്ളത്
2021ല്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ മാനുഷിക സഹായമെത്തിക്കുന്നതില്‍ ആഗോളതലത്തില്‍ സൗദി മൂന്നാം സ്ഥാനം കരസ്ഥമാക്കിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബിയ അറിയിച്ചു. മാത്രമല്ല, യെമനിലേക്ക് സഹായമെത്തിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും സൗദിയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
യുണൈറ്റഡ് നേഷന്‍സ് ഫിനാന്‍ഷ്യല്‍ ട്രാക്കിങ് പ്ലാറ്റ്ഫോമിന്റെ (എഫ്.ടി.എസ്) 2021ലെ റിപ്പോര്‍ട്ട് പ്രകാരം, മാനുഷിക സഹായത്തിന്റെ കാര്യത്തില്‍ അമേരിക്കയും ജര്‍മ്മനിയുമാണ് സൗദിക്ക് മുന്നിലുള്ളത്.
കിങ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ്ബ്‌നു സല്‍മാനും നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ മൂലമാണ് ഇത്തരം മഹത്തായ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ആഘോള തലത്തില്‍തന്നെ ദീര്‍ഘ കാലം ഉയര്‍ന്ന സ്ഥാനത്ത് തുടരാന്‍ രാജ്യത്തെ സഹായിക്കുമെന്നും, ദൈവഹിതം പോലെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതിലും പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിലും രാജ്യം തങ്ങളുടെ മഹത്തായ സമീപനം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.