ഒരുമാസം കൊണ്ട് സൗദിയിൽ രജിസ്റ്റർ ചെയ്തത് 748 അഴിമതി കേസുകൾ
കൈക്കൂലി, വ്യാജ രേഖ ചമക്കല്, അധികാര ദുർവിനിയോഗം, സാമ്പത്തിക വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
സൗദിയിൽ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ എഴുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. സ്വദേശികളും വിദേശികളുമായ 282 പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.
സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ നസഹയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. അതോറിറ്റിക്ക് ലഭിച്ച പരാതികളിന്മേല് അന്വേഷണം പൂർത്തിയാക്കിയാണ് നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ 748 കേസുകള് രജിസ്റ്റര് ചെയ്തതായി നസഹ വെളിപ്പെടുത്തി. കേസുകളില് പ്രതികളായ 282 പേരെ അറസ്റ്റ് ചെയ്ത് തുടര് നടപടികള്ക്കായി പ്രൊസിക്യൂഷന് കൈമാറിയതായും അതോറിറ്റി അറിയിച്ചു.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതി ന്യായം, നഗര ഗ്രാമകാര്യം, പരിസ്ഥിതി, പാർപ്പിടകാര്യം, വിദ്യഭ്യാസം, കൃഷി, മാനവവിഭവശേഷി, ഹജ്ജ് ഉംറ, ഗതാഗത മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. പിടിയിലായവരില് സ്വദേശികൾക്ക് പുറമേ വിദേശികളും ഉൾപ്പെടും. കൈക്കൂലി, വ്യാജ രേഖ ചമക്കല്, അധികാര ദുർവിനിയോഗം, സാമ്പത്തിക വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കേസുകളിൽ നടപടികൾ പൂർത്തിയാക്കി കുറ്റപത്രം കോടതിയിലേക്ക് കൈമാറുവാനുള്ള നിയമനടപടികള് സ്വീകരിച്ചു വരുന്നതായും അതോറിറ്റി അറിയിച്ചു. സൗദിയിൽ കിരീടാവകാശിയുടെ കീഴിൽ അഴിമതി വിരുദ്ധ നടപടി ശക്തമായി തുടർന്നു വരികയാണ്. സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള് നസഹയെ അറിയിക്കുന്നതിന് നിരന്തരം ബോധവത്കരണവും നടത്തി വരുന്നുണ്ട്.