ശക്തമായ ചൂടില്‍ വെന്തുരുകി സൗദിഅറേബ്യ; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 പിന്നിട്ടു
ശക്തമായ ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്
കൊടുംചൂടില്‍ വെന്തുരുകി സൗദിഅറേബ്യ. താപനില അന്‍പത് പിന്നിട്ടതോടെ പകല്‍ സമയങ്ങളില്‍ പുറം ജോലികള്‍ ചെയ്യിക്കുന്നതിനെതിരെ മുന്നറിയിപ്പ് ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. ഉയര്‍ന്ന ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. 50 ഡിഗ്രി സെല്‍ഷ്യസ് വരെ അല്‍ഹസ്സയില്‍ താപനില ഉയര്‍ന്നു. കിഴക്കന്‍ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അല്‍ഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും പകല്‍ താപനില 46നും 48നും ഇടയിലേക്ക് ഉയര്‍ന്നു.
ചൂട് ശക്തമായ സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കൃത്യമായി പാലിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് അനുഭവപ്പെട്ടുവരുന്ന കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൂര്യപ്രകാശം നേരിട്ടേല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശം നല്‍കി.