അൽ ഖാഇദ തലവനെ കൊലപ്പെടുത്തിയെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി
ഞായറാഴ്ച കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരിയെ യു.എസ് സേന വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് സ്ഥിരീകരിച്ചത്
റിയാദ്: അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയെ തങ്ങൾ വധിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഇന്ന് പുലർച്ചെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി പൗരന്മാരുൾപ്പെടെ വിവിധ രാജ്യക്കാരെയും വിശ്വാസികളേയുമടക്കം ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ തീവ്രവാദ നേതാവായിരുന്നു അൽ സവാഹിരി. യു.എസിലും സൗദിയിലും മറ്റു പല രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വ്യക്തിയായാണ് അൽ സവാഹിരിയെ ലോകം കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ പരസ്പരം സഹകരണം ശക്തിപ്പെടുത്തണം. തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുണ്ടാവണമെന്നും സൗദി ആവശ്യപ്പെട്ടു.
ഞായറാഴ്ച കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സവാഹിരിയെ യു.എസ് സേന വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് സ്ഥിരീകരിച്ചത്. അൽ ഖാഇദ തലവനെ അമേരിക്കൻ സേന വധിച്ചെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. തീവ്രവാദത്തിനെതിരെ തങ്ങൾ നടത്തിയ പോരാട്ടം വിജയം കണ്ടെന്ന ആമുഖത്തോടെയാണ് അയ്മാൻ അൽ സവാഹിരിയെ വധിച്ച കാര്യം ബൈഡൻ ലോകത്തോട് പറഞ്ഞത്.
അമേരിക്കക്കും പൗരൻമാർക്കും നേരെ നിരന്തരം അക്രമം അഴിച്ചുവിട്ട തീവ്രവാദി നേതാവ് ഇനിയില്ലെന്നും എവിടെ പോയി ഒളിച്ചാലും ഇത്തരം തീവ്രവാദികളെ തങ്ങൾ ഇല്ലാതാക്കുമെന്നും ബൈഡൻ പറഞ്ഞു. ഉസാമാ ബിൻ ലാദന് ശേഷം 2011 മുതലാണ് അയ്മാൻ അൽ സവാഹിരി അൽ ഖാഇദ തലവനയാത്. ബിൻലാദന്റെ വധത്തിന് ശേഷം സവാഹിരിയുടെ വധം അൽ ഖാഇദ ഗ്രൂപ്പിനേൽക്കുന്ന കനത്ത പ്രഹരമാണ്. സവാഹിരിയെ പിടികൂടുന്നതിനായി വിവരം നൽകുന്നുവർക്ക് 25 മില്യൺ ഡോളർ സമ്മാനമായി നൽകുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈജിപ്ഷ്യൻ പൗരനായ സവാഹിരി യു.എസ് തേടികൊണ്ടിരുന്ന പ്രധാന തീവ്രവാദികളിൽ ഒരാളായിരുന്നു. 2001 സെപ്റ്റംബർ 11 ന് യു.എസിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും സവാഹിരിക്ക് പങ്കുണ്ടെന്നാണ് ആരോപണം.