ക്രിസ്റ്റ്യാനോയുടെ സ്വീകരണചടങ്ങിലെ ടിക്കറ്റ് വരുമാനം ദരിദ്ര ജനങ്ങൾക്ക് നൽകുമെന്ന് സൗദി
ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു
സൗദിയിൽ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണമൊരുക്കുന്ന തിരക്കിലാണ് റിയാദ് നഗരം. ഇന്നത്തെ സ്വീകരണ ചടങ്ങിന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. ആവശ്യക്കാരേറിയതോടെ മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
25,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാൽ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുക. പ്രാദേശിക സമയം വൈകിട്ട് ഏഴിന് അൽ നസ്ർ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ മർസൂൽ എന്നറിയപ്പെടുന്ന കിങ് സഊദ് സർവകലാശാലാ സ്റ്റേഡിയത്തിലാണ് സ്വീകരണപരിപാടി. ടിക്കറ്റ് വരുമാനം പൂർണമായും സൗദി ഭരണകൂടം ദരിദ്ര ജനങ്ങൾക്ക് സഹായമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, റൊണാൾഡോയുടെ അൽ നസ്‌റിലെ ഏഴാം നമ്പർ ജഴ്‌സിക്ക് വിപണിയിൽ വൻ ഡിമാന്റാണ്. ഒരു ജഴ്‌സിക്ക് 414 റിയാലാണ് വില. ഏകദേശം 9125 ഇന്ത്യൻ രൂപ. 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ ചെലവായത്.
ജഴ്‌സിവിൽപ്പനയിലൂടെ മാത്രം അൽ നസ്ർ ക്ലബ്ബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് ലഭിച്ചത്. ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതമോതി റിയാദിലുടനീളം പരസ്യ ബോർഡുകളും ഉയർന്നിട്ടുണ്ട്.