സൗദി അരാംകോയുടെ ഓഹരി മൂല്യത്തില്‍ വന്‍ വര്‍ധനവ്
അരാംകോ കമ്പനിയുടെ വിപണി മൂല്യം ഇന്ന് 8.53 ട്രില്യന്‍ റിയാലിലെത്തി
സൗദി അരാംകോയുടെ ഓഹരി മൂല്യത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ വിപണിയിലുണ്ടായ വില വര്‍ധനവാണ് കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ കൂടാന്‍ ഇടയാക്കിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായി അരാംകോയുടെ ഓഹരി വില 42 റിയാലിന് മുകളിലെത്തി. 41.60 റിയാലായാണ് ഇന്ന് വിപണി തുറന്നത്. ഒരു ഘട്ടത്തില്‍ 43.10 റിയാല്‍ വരെയെത്തിയിരുന്നു. ഇന്ന് രണ്ട് ശതമാനമാണ് വില ഉയര്‍ന്നത്. ഇതുവരെ 12 മില്യന്‍ ഓഹരികളുടെ വ്യാപാരം നടന്നതായി അരാംകോ അറിയിച്ചു.
അരാംകോ കമ്പനിയുടെ വിപണി മൂല്യം ഇന്ന് 8.53 ട്രില്യന്‍ റിയാലിലെത്തി. എണ്ണ ബാരലിന് 111 ഡോളറാണ് ഇന്നത്തെ വില. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലാണ് വിപണിയിലെ ഈ മാറ്റങ്ങള്‍. ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് സൗദി അരാംകോ. സൗദി ഭരണകൂടത്തിന്‍റെ ഉടമസ്ഥതയിലാണ് കമ്പനി. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്‍പ്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയാണിത്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ ആണ് ഇതിന്‍റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശൃംഖലയും സൗദി അരാംകോയാണ് പ്രവർത്തിപ്പിക്കുന്നത്.