ഗസ്സയിൽ നിന്നും ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സൗദി കിരീടാവകാശി

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് പ്രദേശത്ത് ശാശ്വത സമാധാനം പുനസ്ഥാപിക്കണമെന്നും സൗദി കിരീടാവകാശി

Update: 2023-10-21 17:52 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: ഗസ്സയിൽ നിന്നും ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സൗദി കിരീടാവകാശി. ഗസ്സയിലേക്ക് ചികിത്സാ സഹായവും ദുരിതാശ്വാസ സഹായവും എത്തിക്കണം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് പ്രദേശത്ത് ശാശ്വത സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ രാഷ്ട്ര തലവന്മാരുമായുള്ള ഫോൺ സംഭാഷണത്തിലാണ് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ സൗദിയുടെ ഉറച്ച നിലപാട് ആവർത്തിച്ചത്. ഗസ്സയിലെ ഫലസ്തീനികളെ നിർബന്ധിച്ച് നാടുകടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.

അക്രമം വ്യാപിക്കുന്നത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കിരീടാവകാശി, ഗസ്സയിലെ ഉപരോധം നീക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. സിവിലിയന്മാരെ ലക്ഷ്യമിടുന്ന ആക്രമണത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ പ്രത്യേക ഫോണ്‍ സംഭാഷണത്തിൽ കരീടാവകാശി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

സിവിലിയന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം ഓർമിപ്പിച്ച കിരീടാവകാശി ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് മേഖലയിൽ ശാശ്വത സമാധാനം പുനസ്ഥാപിക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News