ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സൗദി കിരീടാവകാശിയുടെ ധനസഹായം
ഇതിനകം പദ്ധതി വഴി നൂറ് കോടി റിയാലിന്‍റെ സഹായങ്ങളാണ് അനുവദിച്ചത്
രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു. ഇതോടെ നിര്‍ധനരെ സഹായിക്കാന്‍ ഇഹ്‌സാന്‍ വഴി ശേഖരിച്ച ഫണ്ട് വിതരണം നൂറ് കോടി റിയാല്‍ കവിഞ്ഞു.
കഴിഞ്ഞ റമദാനിലും സമാനമായ തുക കിരീടാവകാശി ഇതിലേക്കായി നല്‍കിയിരുന്നു. സൌദിയിലെയും ഇതര രാജ്യങ്ങളിലെയും നിര്‍ധനരെ സഹായിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനകം പദ്ധതി വഴി നൂറ് കോടി റിയാലിന്‍റെ സഹായങ്ങളാണ് അനുവദിച്ചത്.
രാജ്യത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക പിരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗീകാരമുള്ള ഏക പദ്ധതി കൂടിയാണ് ഇഹ്‌സാന്‍. ഇരുപത് ലക്ഷം പേരാണ് പദ്ധതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൗദി ഡാറ്റാ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി അഥവാ സദായക്ക് കീഴിലാണ് ഇഹ്‌സാന്‍ നടപ്പിലാക്കി വരുന്നത്.