സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്
1053 കോടി റിയാലിന്‍റെ എണ്ണയിതര ഉല്‍പന്നങ്ങളാണ് സൗദി ഇന്ത്യക്ക് നല്‍കിയത്
ദമ്മാം: സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മുപ്പത്തിയൊന്ന് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എ.ഇ യിലേക്കാണ് ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തത്.
ആഗോള കയറ്റുമതി മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴും സൗദിയുടെ വിദേശ കയറ്റുമതി രംഗം അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രാജ്യത്തെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മുപ്പത്തിയൊന്നേ ദശാംശം അഞ്ച് ശതമാനത്തിന്‍റെ വളര്‍ച്ച നേടിയതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ 13444 കോടി റിയാലിന്‍റെ ഉല്‍പന്നങ്ങളാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. മുന്‍ വര്‍ഷം ഇത് 10220 കോടി ആയിരുന്നിടത്താണ് വര്‍ധനവ്. ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചത് അയല്‍ രാജ്യമായ യു.എ.ഇലേക്കാണ്. 1965 കോടി റിയാലിന്‍റെ ഉല്‍പന്നങ്ങള്‍ ആണ് യു.എ.ഇലേക്ക് കയറ്റി അയച്ചത്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണുള്ളത്. 1053 കോടി റിയാലിന്‍റെ എണ്ണയിതര ഉല്‍പന്നങ്ങളാണ് സൗദി ഇന്ത്യക്ക് നല്‍കിയത്.