സൗദിയിലെ ഭക്ഷണ മാലിന്യ നിയന്ത്രണ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു
Update: 2025-01-08 14:57 GMT
റിയാദ്: സൗദിയിലെ ഭക്ഷണ മാലിന്യ നിയന്ത്രണ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ഭക്ഷ്യ ഉത്പന്നങ്ങൾ പാഴാക്കുന്നത് ഇല്ലാതാക്കാനും ഭക്ഷ്യ മാലിന്യം കുറക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. ജനറൽ ഫുഡ് സെക്യൂരിറ്റി അതോറിറ്റിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് പരിശോധനകൾക്കും സർവേകൾക്കും കഴിഞ്ഞ ദിവസം തുടക്കമായി.
സർവേയുടെ ഭാഗമായി ഉൽപാദനം, ഇറക്കുമതി, ഗതാഗതം, സംഭരണം, വിതരണം, ഉപഭോഗം തുടങ്ങിയ ഭക്ഷണ വിതരണ ശൃംഖലയിലെ എല്ലാ ഘട്ടങ്ങളിലെയും ഭക്ഷണ നഷ്ടം പരിശോധിക്കും. ചില്ലറ വിപണികളിലെ മാലിന്യം, ഹോട്ടലുകളിലും വീടുകളിലും ഉപയോഗിക്കാതെ കളയുന്ന ഭക്ഷണം എന്നിവയും പരിശോധനയുടെ ഭാഗമാകും. മാലിന്യ നിരക്ക് കുറയ്ക്കുക. പരിസ്ഥിതി സംരക്ഷിക്കുക, ഭക്ഷണ സുരക്ഷയും സാമ്പത്തിക ലാഭവും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് പദ്ധതി.