റൊണാൾഡോക്ക് പിന്നാലെ കൂടുതൽ താരങ്ങൾ സൗദിയിലെത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ
റൊണാൾഡോയ്‌ക്കോ മറ്റേതെങ്കിലും കളിക്കാരനോ വേണ്ടിയുള്ള ഇടപാടിൽ ഇടപെട്ടിട്ടില്ലെന്ന് പ്രസിഡന്റ് യാസർ അൽ മിസെഹൽ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ സൗദിയിലെത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കോ മറ്റേതെങ്കിലും കളിക്കാരനോ വേണ്ടിയുള്ള ഇടപാടിൽ ഇടപെട്ടിട്ടില്ലെന്ന് പ്രസിഡന്റ് യാസർ അൽ മിസെഹൽ പറഞ്ഞു.
പോർച്ചുഗീസ് അന്താരാഷ്ട്ര താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ-നാസർ ക്ലബ്ബ് കരാർ ഒപ്പിട്ടതിനെ കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റൊണാൾഡോയുമായുള്ള കരാര്‍ തീര്‍ച്ചയായും സൗദി ലീഗിന് ഉണര്‍വേകും. റൊണാള്‍ഡോയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ സഊദിയിലെത്തുമെന്നും, കൂടുതല്‍ വലിയ ഡീലുകള്‍ ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന അല്‍ഹിലാല്‍ ക്ലബ്ബിന്റെ പ്രവേശനത്തെ സൗദി ഫുട്‌ബോളിനുള്ള ബഹുമതിയായി കാണുന്നു. സെമിയിലെത്തിയ അല്‍ഹിലാലിന് എല്ലാ പിന്തുണയും നല്‍കും. ഏഷ്യന്‍ ചാമ്പ്യന്‍മാരായ അല്‍ഹിലാല്‍ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളില്‍ വിജയം തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.