സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്; മുവ്വായിരത്തിലേറെ സിഇഒമാർ പങ്കെടുക്കും
ഇന്ത്യയിൽ നിന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുൾപ്പെടെ നിരവധി പേർ പങ്കെടുക്കും
റിയാദ്: മുവ്വായിരത്തിലേറെ സിഇഒമാർ ഉൾപ്പെടെ ആറായിരത്തിലധികം പേർ പങ്കെടുക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് നാളെ രാവിലെ റിയാദിൽ തുടക്കമാകും. മൂന്ന് ദിനങ്ങളിലായി അഞ്ഞൂറിലേറെ പേർ സൗദിയുടെ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്ന സുപ്രധാന സമ്മേളനത്തിന്റെ ഭാഗമാകും. ഇന്ത്യയിൽ നിന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
സൗദിയുടെ സാമ്പത്തിക ദിശനിർണയിക്കുന്ന സുപ്രധാന സമ്മേളനമാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. ലോക സാമ്പത്തിക ഫോറത്തിന് സമാനമായി ഏഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ നിക്ഷേപ സമ്മേളനം. 2027ൽ ആരംഭിച്ച സമ്മേളനത്തിന്റെ ഏഴാം എഡിഷനാണ് മൂന്ന് ദിനങ്ങലിലായി നടക്കുക. വിദേശനിക്ഷേപം വർധിപ്പിക്കാൻ സൗദി സ്ഥാപിച്ച പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ നടക്കുന്ന സമ്മേളനത്തിൽ 90 രാജ്യങ്ങളിലെ ആറായിരത്തോളം പ്രതിനിധികൾ സംബന്ധിക്കും.
റിയാദിലെ റിറ്റ്‌സ് കാൾട്ടണിലെ വ്യത്യസ്ത വേദികളിൽ 140 സെഷനുകളിലായാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് അരങ്ങേറുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഊർജ രംഗത്തെ മാറ്റം, സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും.
ലോക രാഷ്ട്രങ്ങളിലെ തലവന്മാരും സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും ഉച്ചകോടിയുടെ ഭാഗമാകും. റിലയൻസ്, ടാറ്റ, മഹീന്ദ്ര മേധാവിമാരും, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകൻ ഷംസീർ വയലിൽ എന്നിവരും സംസാരിക്കും. കഴിഞ്ഞ വർഷങ്ങലിൽ പങ്കെടുത്ത ലുലു എക്‌സ്‌ചേഞ്ചിന് പുറമെ മലയാളി നിക്ഷേപകരുടെ സാന്നിധ്യവും ഇത്തവണയുണ്ട്. ഇംപക്‌സ്, ഹോട്ട്പാക്, കോസ്റ്റൽ ഖത്തർ, അറബ് കൺസൾട്ട് ഹൗസ്, അൽ ഹാസ്മി, ഐടിഎൽ തുടങ്ങിയ മലയാളി കമ്പനികളുടെ മേധാവിമാരും എഫ്‌ഐഐയിൽ പങ്കെടുക്കും. 450 മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിലെ അന്താരാഷ്ട്ര മാധ്യമ പങ്കാളികളിൽ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി മീഡിയവണാണ്.
Saudi Arabia Future Investment Initiative; More than 3000 CEOs will attend