സൗദിയിൽ പണപ്പെരുപ്പം വർധിച്ചു; ജീവിതച്ചെലവ് ഉയർന്നതായും പുതിയ റിപ്പോർട്ട്
കെട്ടിടവാടകയിൽ കഴിഞ്ഞ മാസം 8.2 ശതമാനം വർധന രേഖപ്പെടുത്തി. പച്ചക്കറി വില 3.7 ശതമാനം കുതിച്ചുയർന്നു. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 2.4 ശതമാനം വിലവർധനയും രേഖപ്പെടുത്തി
റിയാദ്: സൗദിയിൽ പണപ്പെരുപ്പം വർധിച്ചതായി അധികൃതർ. കഴിഞ്ഞ വർഷം ഡിസംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിലാണ് പണപ്പെരുപ്പം വർധിച്ചത്. രാജ്യത്ത് ജീവിതച്ചെലവ് ഉയർന്നതായും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2024 ജനുവരിയിലാണ് സൗദിയിൽ പണപ്പെരുപ്പം 1.6 ശതമാനമായി ഉയർന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 1.5 ശതമാനമായിരുന്നു. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം തുടങ്ങിയവയുടെ വിലയില്‍ ഈ കാലയളവിൽ 7.8 ശതമാനം വർധനയുണ്ടായി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കെട്ടിടവാടകയിൽ കഴിഞ്ഞ മാസം 8.2 ശതമാനം വർധന രേഖപ്പെടുത്തി. പച്ചക്കറി വില 3.7 ശതമാനം കുതിച്ചുയർന്നതിനാൽ ഭക്ഷ്യ-പാനീയ വിലകൾ പ്രതിവർഷം ഒരു ശതമാനം ഉയർന്നു. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 2.4 ശതമാനം വിലവർധനയും രേഖപ്പെടുത്തി.
അതേസമയം, വാഹനങ്ങളുടെ വിലയിൽ 2.7 ശതമാനം കുറവുണ്ടായതോടെ ഗതാഗതച്ചെലവ് 1.1 ശതമാനമായി കുറഞ്ഞു. സൗദിയിൽ ജീവിതച്ചെലവേറിയ നഗരങ്ങളിൽ റിയാദ്, ജിദ്ദ, അബഹ, ബുറൈദ, ഹൈൽ തുടങ്ങിയ നഗരങ്ങളാണ് മുന്നിലുള്ളത്. ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളിൽ മക്ക, തായിഫ്, അൽ ഹൊഫൂഫ്, തബൂക്ക്, ജിസാൻ, അൽ ബഹ തുടങ്ങിയ നഗരങ്ങളും മുന്‍പന്തിയിലാണ്.
Summary: Saudi inflation rate rises to 1.6% in January